റിയാദ് – സ്വന്തം താൽപര്യങ്ങൾ സൗദി അറേബ്യ സംരക്ഷിക്കുമെന്ന് വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു. പ്രതിദിന എണ്ണയുൽപാദനത്തിൽ 20 ലക്ഷം ബാരലിന്റെ വീതം കുറവ് വരുത്താനുള്ള ഒപെക് പ്ലസ് തീരുമാനത്തിൽ രാഷ്ട്രീയമില്ല.
ഉൽപാദകരുടെയും ഉപഭോക്തൃ രാജ്യങ്ങളുടെയും താൽപര്യങ്ങൾക്കു വേണ്ടി ഒപെക് പ്ലസ് പ്രവർത്തിക്കുന്നു. ഒപെക് പ്ലസ് തകർക്കുമെന്ന നിലയിലുള്ള സംസാരങ്ങൾ വൈകാരികമാണ്.
എണ്ണയുൽപാദനം കുറക്കാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട് ചിലർ പ്രചരിപ്പിക്കുന്ന രാഷ്ട്രീയ വ്യാഖ്യാനങ്ങളിലേക്ക് സൗദി അറേബ്യ നോക്കുന്നില്ല. കരടു നോപെക് നിയമം അമേരിക്ക മുന്നോട്ടുവെക്കുന്നത് ആശ്ചര്യകരമാണ്. അംഗീകരിക്കപ്പെടുന്ന പക്ഷം ഒപെക് രാജ്യങ്ങളുടെ കുത്തകവൽക്കരണം നിരാകരിക്കാൻ നോപെക് നിയമം അമേരിക്കൻ നീതിന്യായ മന്ത്രാലയത്തെ അനുവദിക്കുന്നു. ഉത്തരവാദിത്തത്തോടെയാണ് ഒപെക് പ്ലസ് പെരുമാറിയത്. അനുയോജ്യമായ തീരുമാനമാണ് ഗ്രൂപ്പ് സ്വീകരിച്ചത്. ഇത് തീർത്തും സാമ്പത്തികപരമാണ്. അംഗ രാജ്യങ്ങൾ ഐകകണ്‌ഠ്യേനെയാണ് തീരുമാനം കൈക്കൊണ്ടത്.
എണ്ണ വിപണിയുടെ സ്ഥിരതക്കും ഉൽപാദകരുടെയും ഉപഭോക്താക്കളുടെയും താൽപര്യങ്ങൾ സംരക്ഷിക്കാനുമാണ് ഒപെക് പ്ലസ് ശ്രമിക്കുന്നത്. ഉൽപാദനം കുറക്കാനുള്ള ഒപെക് പ്ലസ് തീരുമാനം ശരിയായിരുന്നെന്നാണ് എണ്ണ വിപണിയിലെ ഇപ്പോഴത്തെ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത്.
സൗദി അറേബ്യയുടെ ഒന്നാമത്തെ പങ്കാളിയാണ് അമേരിക്ക. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം രണ്ടു രാജ്യങ്ങളുടെയും താൽപര്യങ്ങളെ സേവിക്കുകയും മേഖലയിൽ സ്ഥിരതയുണ്ടാക്കാൻ സഹായിക്കുകയും ചെയ്യുന്നു. അമേരിക്കയുമായുള്ള സൗദി അറേബ്യയുടെ ബന്ധം തന്ത്രപരമാണ്. ഇത് മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും സഹായിക്കുന്നു. ഏതു സാഹചര്യത്തിലായാലും തങ്ങളുടെ താൽപര്യങ്ങൾ സൗദി അറേബ്യ സംരക്ഷിക്കുമെന്നും വിദേശ മന്ത്രി പറഞ്ഞു.
അതേസമയം, സൗദി അറേബ്യ റഷ്യയുടെ പക്ഷം പിടിക്കുന്നില്ലെന്ന്, എണ്ണയുൽപാദനം കുറക്കാനുള്ള തീരുമാനം റഷ്യയുടെ പക്ഷം പിടിക്കലാണെന്ന നിലക്കുള്ള വ്യാഖ്യാനങ്ങളെ കുറിച്ച സി.എൻ.എന്നിന്റെ ചോദ്യത്തിന് മറുപടിയായി വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ പറഞ്ഞു. എണ്ണ വിപണിയുടെ ഭദ്രത ഉറപ്പുവരുത്താൻ മാത്രമാണ് സൗദി അറേബ്യ പക്ഷംപിടിക്കുന്നത്. ഇത് ഉപയോക്താക്കൾക്കും ഉൽപാദകർക്കും ഗുണം ചെയ്യും. ദശകങ്ങളോളം സൗദി അറേബ്യ ഇങ്ങിനെ ചെയ്തിട്ടുണ്ട്.
എണ്ണ വിലകളിൽ പ്രക്ഷുബ്ധമായ ഏറ്റക്കുറച്ചിലുകളുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് ശ്രമിക്കുന്നത്. എണ്ണ വ്യവസായ മേഖലയിലെ നിക്ഷേപങ്ങളുടെയും വായ്പകളുടെയും കാര്യത്തിൽ യുക്തിയുണ്ടാകണം. വിലകളുമായി ബന്ധപ്പെട്ട് ഇക്കാര്യത്തിൽ സൗദി അറേബ്യ ശക്തമായി വിശ്വസിക്കുന്നു. ഉൽപാദന ക്വാട്ടകൾ കുറക്കാനുള്ള തീരുമാനം 22 രാജ്യങ്ങൾ ഏകകണ്ഠമായാണ് എടുത്തത്. ഈ തീരുമാനത്തോട് വളരെ അനുകൂലമായാണ് വിപണി പ്രതികരിച്ചത്. കഴിഞ്ഞയാഴ്ച മുതൽ എണ്ണ വിലകൾ കുറഞ്ഞിരുന്നു. ഇത് പിന്നീട് ഉയർന്നിട്ടില്ല. എണ്ണയെ സൗദി അറേബ്യ രാഷ്ട്രീയവൽക്കരിക്കുന്നില്ല. ഇത് ഒരു ആയുധമല്ല. മറിച്ച് സ്ഥിരത ലക്ഷ്യമിടുന്ന ചരക്കാണെന്നും ആദിൽ അൽജുബൈർ പറഞ്ഞു.
സൗദി അറേബ്യക്ക് ആയുധങ്ങൾ വിൽപന നടത്തുന്നത് അമേരിക്കയുടെയും സൗദി അറേബ്യയുടെയും താൽപര്യങ്ങൾക്കും മധ്യപൗരസ്ത്യദേശത്ത് സുരക്ഷാ ഭദ്രതക്കും ഗുണം ചെയ്യുന്നതായി, സൗദി അറേബ്യക്കുള്ള ആയുധ വിൽപന മരവിപ്പിക്കുമെന്ന ചില അമേരിക്കൻ കോൺഗ്രസ് അംഗങ്ങളുടെ ഭീഷണിയെ കുറിച്ച ചോദ്യത്തിന് മറുപടിയായി വിദേശകാര്യ സഹമന്ത്രി പറഞ്ഞു. എട്ടു ദശകമായി സൗദി അറേബ്യയും അമേരിക്കയും തമ്മിൽ ശക്തമായ ബന്ധമുണ്ട്. ഭീകര, തീവ്രവാദ വിരുദ്ധ പോരാട്ടത്തിലും മേഖലയുടെ സുരക്ഷയും സ്ഥിരതയും കാത്തുസൂക്ഷിക്കുന്നതിലും വൈദേശിക ആക്രമണങ്ങളിൽ നിന്ന് മേഖലാ രാജ്യങ്ങൾക്ക് സംരക്ഷണം നൽകുന്നതിലും അമേരിക്കയും സൗദി അറേബ്യയും ഉറച്ച പങ്കാളികളായിരുന്നു. സാമ്പത്തിക, വാണിജ്യ, നിക്ഷേപ മേഖലകളിലും ഇരു രാജ്യങ്ങളും വളരെ അടുത്ത സഖ്യകക്ഷികളായിരുന്നു. വരുന്ന ദശകങ്ങളിലും ഈ ബന്ധം തുടരണമെന്നാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നതെന്നും ആദിൽ അൽജുബൈർ പറഞ്ഞു.
റഷ്യയെയും ഉക്രൈനെയും ചർച്ചയിലേക്ക് കൊണ്ടുവരാനുള്ള വഴികൾ സൗദി അറേബ്യ തേടുകയാണ്. സൗദി അറേബ്യ നിഷ്പക്ഷ നിലപാട് സ്വീകരിക്കുന്നില്ലായിരുന്നെങ്കിൽ റഷ്യയും ഉക്രൈനും തമ്മിൽ തടവുകാരുടെ കൈമാറ്റ കരാർ സാധ്യമാകില്ലായിരുന്നു. ഉക്രൈനിൽ സംഘർഷം മൂർഛിപ്പിക്കുന്നത് യൂറോപ്പിന് പ്രയോജനം ചെയ്യില്ല. മറ്റു രാജ്യങ്ങളുടെ സ്ഥലങ്ങൾ ബലപ്രയോഗത്തിലൂടെ തട്ടിയെടുക്കുന്നതിനെയും സൗദി അറേബ്യ അംഗീകരിക്കുന്നില്ലെന്ന് വിദേശകാര്യ സഹമന്ത്രി പറഞ്ഞു