ദുബായ്: റോഡുകളിൽ
സിനിമാ സ്റ്റൈലിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയതിന് വിവിധ പ്രദേശങ്ങളിൽ നിന്നായി 33 വാഹനങ്ങൾ ദുബായ് പോലീസ് പിടിച്ചെടുത്തു.
തിരക്കേറിയ റോഡുകളിൽ ഗതാഗതക്കുരുക്ക് ഉൾപ്പെടെയുണ്ടാക്കുംവിധം ചില വാഹനയാത്രക്കാർ അശ്രദ്ധയോടെയാണ് വാഹനമോടിച്ചത്. ഡ്രിഫ്‌റ്റിങ്, റേസിങ് തുടങ്ങിയ നിയമലംഘനങ്ങളാണ് മിക്കവരും നടത്തിയത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇത്തരത്തിൽ ജീവന് ഭീഷണിയുണ്ടാക്കുംവിധം വാഹനമോടിക്കുന്നതായി പൊതുജനങ്ങളിൽ നിന്ന് പരാതി ലഭിച്ചതായും ഇതേത്തുടർന്നാണ് ഡ്രൈവർമാർക്കെതിരെ നടപടിയെടുത്തതെന്നും ജനറൽ ഡിപാർട്ട്‌മെന്റ് ഓഫ് ട്രാഫിക് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു.
ജബൽ അലി – ലെഹ്ബാബ് റോഡ്, ജുമൈറ റോഡ്, ഫസ്റ്റ് അൽ ഖൈൽ റോഡ് എന്നിവയുൾപ്പെടെ വിവിധ റോഡുകളിൽ ട്രാഫിക്കിന്റെ എതിർദിശയിൽ വാഹനമോടിക്കുന്നത് പോലുള്ള ഗുരുതരമായ ട്രാഫിക് നിയമലംഘനങ്ങൾ നടത്തുന്ന അശ്രദ്ധരായ ഡ്രൈവർമാരെക്കുറിച്ച് തങ്ങൾക്ക് റിപ്പോർട്ട് ലഭിച്ചതായും ഡ്രിഫ്റ്റിങ്ങിന്റെയും റേസിങ്ങിന്റെയും ഗുരുതര പ്രത്യാഘാതങ്ങളെക്കുറിച്ച് ചില വാഹനയാത്രക്കാർ അജ്ഞരാണെന്നും അൽ മസ്റൂയി പറഞ്ഞു. വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്നത് ഗുരുതരമായ പരുക്കുകൾക്കും മരണങ്ങൾക്കും ഇടയാക്കുമെന്നും വ്യക്തമാക്കി.
അമിതവേഗം, സ്ട്രീറ്റ് റേസിങ് എന്നിവ വച്ചുപൊറുപ്പിക്കില്ല. ഡ്രിഫ്റ്റിങ് പ്രേമികൾക്കായി പ്രത്യേക സ്ഥലങ്ങളുണ്ടെന്ന് ദുബായ് പോലീസ് ചൂണ്ടിക്കാട്ടി.