റിയാദ് – പുതിയ ശൈലികളിലുള്ള ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ വാണിജ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇത്തരത്തിൽ പെട്ട തട്ടിപ്പ് ശ്രമങ്ങൾ വാണിജ്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് മന്ത്രാലയ വക്താവ് അബ്ദുറഹ്മാൻ അൽഹുസൈൻ പറഞ്ഞു. പ്രശസ്തമായ ഓൺലൈൻ സ്റ്റോറുകളുടെ മെയിൻ പേജുകളുമായും ട്രേഡ്മാർക്കുകളുമായും രൂപസാദൃശ്യമുള്ള പേജുകളും ട്രേഡ്മാർക്കുകളും ഉപയോഗിച്ച് വ്യാജ വെബ്‌സൈറ്റുകൾ സ്ഥാപിച്ച് ഉപയോക്താക്കളെ കബളിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
സാമ്പത്തിക തട്ടിപ്പുകളിൽ അകപ്പെടാതെ നോക്കാൻ വ്യാജ ഓൺലൈൻ സ്റ്റോറുകളുമായി ഉപയോക്താക്കൾ ഇടപാടുകൾ നടത്തരുത്. ഓൺലൈൻ സ്റ്റോറിന്റെ പേജിലുള്ള കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ നമ്പർ കോപ്പി ചെയ്ത് വാണിജ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലുള്ള കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ വിവരങ്ങളുമായി ഒത്തുനോക്കി ഓൺലൈൻ സ്റ്റോറിന്റെ വെബ്‌സൈറ്റുമായി ബന്ധപ്പെട്ട നിജസ്ഥിതി ഉറപ്പുവരുത്താൻ സാധിക്കും.
കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനില്ലാതെ, ഫ്രീലാൻസിംഗ് ഡോക്യുമെന്റ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ സ്റ്റോറുകളുടെ നിജസ്ഥിതി മഅ്‌റൂഫ് പ്ലാറ്റ്‌ഫോം വഴിയും ഉറപ്പുവരുത്താൻ സാധിക്കും. ഓൺലൈൻ സ്റ്റോറുമായി ബന്ധപ്പെട്ട വിവരങ്ങൾ മഅ്‌റൂഫ് പ്ലാറ്റ്‌ഫോമിൽ പ്രകടമാകും. ഉപയോക്താക്കൾക്ക് സംരക്ഷണം നൽകാനും തട്ടിപ്പുകൾ തടയാനും ശ്രമിച്ച് നിയമാനുസൃത രീതിയിൽ ഓൺലൈൻ വ്യാപാര മേഖലയിൽ പ്രവർത്തിക്കാൻ കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനോ ഫ്രീലാൻസിംഗ് ഡോക്യുമെന്റോ നേടണമെന്ന വ്യവസ്ഥ ബാധകമാക്കിയിട്ടുണ്ടെന്നും അബ്ദുറഹ്മാൻ അൽഹുസൈൻ പറഞ്ഞു.