റിയാദ്- പൈപ്പ്‌ലൈൻ വഴിയുള്ള ജല കണക്ഷന്റെ ഭാഗമായ മീറ്റർ പരിശോധിക്കാൻ 150 റിയാൽ ഫീസ് ബാധകമാണെന്ന് വാട്ടർ റെഗുലേറ്ററിലെ ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് റെഗുലേഷൻ ഡയറക്ടർ ജനറൽ ഫഹദ് അൽഖഹ്താനി പറഞ്ഞു.
വാട്ടർ മീറ്റർ റീഡിംഗിൽ പിഴവ് സംഭവിക്കാവുന്നതാണ്. സമീപ കാലത്ത് വീടുകളിൽ സ്ഥാപിച്ച ചില മീറ്ററുകളിൽ റീഡിംഗ് പിഴവുകളുള്ളതായി ശ്രദ്ധയിൽ പെട്ടിട്ടുമുണ്ട്. എന്നാൽ ബില്ലുകൾ ഉയരാനുള്ള മുഴുവൻ കാരണങ്ങളും തെറ്റായ റീഡിംഗുകളിലേക്കും മീറ്ററുകളിലേക്കും ചുരുക്കാൻ കഴിയില്ല.
ഉപയോഗത്തിൽ കൂടുതൽ ബിൽ തുക ഉയരുന്ന സാഹചര്യങ്ങളിലും പരാതികളുണ്ടെങ്കിലും മീറ്റർ പരിശോധിക്കാൻ ആവശ്യപ്പെട്ട് ഉപയോക്താക്കൾക്ക് ദേശീയ ജല കമ്പനിക്ക് അപേക്ഷ നൽകാവുന്നതാണ്. പരാതി ലഭിച്ചാൽ മീറ്റർ പരിശോധിക്കാൻ ഉദ്യോഗസ്ഥനെ അയക്കും. ബിൽ ഉയരാൻ കാരണം റീഡിംഗിലെ പിഴവാണോ അതല്ല കെട്ടിടത്തിലെ ടാങ്കിലെയും പൈപ്പ് ലൈനുകളിലെയും ചോർച്ചയാണോ എന്ന് തീരുമാനിക്കുക ഈ ഉദ്യോഗസ്ഥനാണ്. മീറ്ററിൽ തകരാറുകളൊന്നുമില്ലെങ്കിൽ മീറ്റർ പരിശോധനാ ഫീസ് ആയി 150 റിയാൽ ഈടാക്കും. മീറ്ററിൽ തകരാറുകളുള്ളതായി പരിശോധനയിൽ വ്യക്തമായാൽ മീറ്റർ പരിശോധനാ ഫീസ് ഈടാക്കില്ല. റിയാദിൽ മലിനജല പൈപ്പ്‌ലൈൻ കണക്ഷൻ കവറേജ് 2025 ഓടെ 85 ശതമാനമായി ഉയർത്തും. നിലവിൽ റിയാദിൽ മലിനജല പൈപ്പ്‌ലൈൻ കണക്ഷൻ കവറേജ് 60 ശതമാനമാണെന്നും ഫഹദ് അൽഖഹ്താനി പറഞ്ഞു