റിയാദ്- സൗദി അറേബ്യ എണ്ണയെ രാഷ്ട്രീയവൽക്കരിക്കുകയോ അമേരിക്കക്കെതിരായ ആയുധമാക്കുകയോ ചെയ്യുന്നില്ലെന്ന് വിദേശകാര്യ സഹമന്ത്രി ആദിൽ അൽജുബൈർ പറഞ്ഞു.
അമേരിക്കയെ ദോഷകരമായി ബാധിക്കാനാണ് സൗദി അറേബ്യ എണ്ണയുൽപാദനം കുറച്ചതെന്ന ആരോപണം ഫോക്‌സ് ന്യൂസ് നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിൽ ആദിൽ അൽജുബൈർ നിഷേധിച്ചു. എണ്ണ ആയുധമല്ല. ഇത് പോർവിമാനമോ പാറ്റൻ ടാങ്കോ അല്ല. ആഗോള സമ്പദ്‌വ്യവസ്ഥക്ക് ഏറെ പ്രധാനമായ ചരക്കാണ് എണ്ണ എന്നതാണ് തങ്ങളുടെ കാഴ്ചപ്പാട്. എണ്ണയിൽ ഞങ്ങൾക്ക് വലിയ താൽപര്യമുണ്ട്. എന്നാൽ എണ്ണയെയോ അതുമായി ബന്ധപ്പെട്ട തീരുമാനങ്ങളെയോ ഞങ്ങൾ രാഷ്ട്രീവൽക്കരിക്കുന്നില്ല. അമേരിക്കയെ ദ്രോഹിക്കാനോ രാഷ്ട്രീയ കാരണങ്ങൾക്കോ എണ്ണയെ സൗദി അറേബ്യ ഉപയോഗിച്ചേക്കാമെന്ന ധാരണ പൂർണമായും തെറ്റാണ്.
20 വർഷമായി അമേരിക്കയിൽ എണ്ണ റിഫൈനിംഗ് ശേഷിയിലെ കുറവാണ് അമേരിക്കയിൽ ഇന്ധന നിക്കുകൾ ഉയരാൻ കാരണം. അമേരിക്കൻ റിഫൈനറികളുടെ ഉൽപാദന കുറവാണ് ഇന്ധന നിരക്ക് വർധനക്ക് കാരണം, അല്ലാതെ സൗദി അറേബ്യയല്ല. ദശകങ്ങളായി അമേരിക്ക പുതിയ റിഫൈനറികളൊന്നും സ്ഥാപിച്ചിട്ടില്ല. ആഗോള വിപണിയിൽ എണ്ണ ക്ഷാമമുള്ളതായി ബോധ്യപ്പെട്ടപ്പോൾ കഴിഞ്ഞ വർഷം സൗദി അറേബ്യ എണ്ണയുൽപാദനം ക്രമാനുഗതമായി ഉയർത്തിയിരുന്നു. ഇപ്പോൾ എണ്ണ വിപണിയുടെ തകർച്ച സൗദി അറേബ്യ ആഗ്രഹിക്കുന്നില്ല. എണ്ണ വിപണിയുടെ തകർച്ച ഉൽപാദകരെ മാത്രമല്ല, ഉപഭോക്തൃ രാജ്യങ്ങളെയും ലോക സമ്പദ്‌വ്യവസ്ഥയെയും ദോഷകരമായി ബാധിക്കും.
സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ബന്ധം തന്ത്രപ്രധാനമാണ്. പരസ്പര പങ്കാളിത്തത്തിന്റെയും സഖ്യത്തിന്റെയും അടിസ്ഥാനത്തിലുള്ളതാണ് ഇത്. ആഗോള എണ്ണ വിപണിയുടെ സ്ഥിരത ഉറപ്പാക്കാൻ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണ്. ഊർജ വിപണികളിൽ തകർച്ച സംഭവിക്കാതെ നോക്കാൻ സൗദി അറേബ്യ സജീവമായി പ്രവർത്തിക്കുന്നു. റഷ്യയുടെ പക്കലുണ്ടായിരുന്ന യുദ്ധത്തടവുകാരുടെ മോചനം സാധ്യമാക്കുന്നതിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഫലപ്രദമായ പങ്ക് വഹിച്ചു. റഷ്യ, ഉക്രൈൻ സംഘർഷം കൂടുതൽ മൂർഛിക്കാതെ നോക്കാൻ സൗദി അറേബ്യ ശ്രമങ്ങൾ തുടരുമെന്നും ആദിൽ അൽജുബൈർ പറഞ്ഞു.
അടുത്ത നവംബർ മുതൽ പ്രതിദിന ഉൽപാദനത്തിൽ 20 ലക്ഷം ബാരലിന്റെ കുറവ് വരുത്താനും നിലവിലുള്ള സഹകരണ കരാർ അടുത്ത വർഷാവസാനം വരെ തുടരാനും ഒപെക് പ്ലസ് മന്ത്രിതല യോഗം ആറു മാസത്തിൽ ഒരിക്കൽ വീതം ചേരാനും മന്ത്രിതല നിരീക്ഷണ സമിതി യോഗം രണ്ടു മാസത്തിൽ ഒരിക്കൽ വീതം ചേരാനും കഴിഞ്ഞ ബുധനാഴ്ച വിയന്നയിൽ ചേർന്ന ഒപെക് പ്ലസ് ഗ്രൂപ്പ് യോഗം തീരുമാനിച്ചിരുന്നു. ഉൽപാദനം വെട്ടിക്കുറക്കാനുള്ള ഒപെക് പ്ലസ് തീരുമാനത്തെ അമേരിക്ക വിമർശിച്ചു. തന്ത്രപരമായ കരുതൽ ശേഖരത്തിൽ നിന്ന് എണ്ണ പിൻവലിക്കുന്ന കാര്യം അമേരിക്ക പഠിക്കുമെന്നും എണ്ണ വിതരണത്തിലെ കുറവ് വലിയ വെല്ലുവിളിയാണെന്നും വൈറ്റ്ഹൗസ് സാമ്പത്തിക ഉപദേഷ്ടാവ് ബ്രയാൻ ഡീസ് പറഞ്ഞു. ഉൽപാദനം കുറക്കാൻ ഒപെക് പ്ലസ് പ്രഖ്യാപിച്ച പദ്ധതിയിൽ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ നിരാശ പ്രകടിപ്പിച്ചു. ലഭ്യമായ ബദലുകൾ അമേരിക്ക പഠിക്കുമെന്നും ബൈഡൻ പറഞ്ഞു. അമേരിക്കയിൽ ഊർജ നിരക്കുകൾ കുറക്കാൻ കഴിഞ്ഞ ദിവസങ്ങളിൽ തനിക്ക് സാധിച്ചിരുന്നു. എന്നാൽ റഷ്യക്കാരും സൗദികളും കാരണം ഊർജ നിരക്കുകൾ വീണ്ടും വർധിക്കുകയായിരുന്നു -ബൈഡൻ പറഞ്ഞു