റിയാദ് – ഒപെക് പ്ലസ് ഗ്രൂപ്പ് കരാർ പ്രകാരം നവംബർ മുതൽ സൗദി അറേബ്യ പ്രതിദിന എണ്ണയുൽപാദനത്തിൽ 5,26,000 ബാരലിന്റെ കുറവ് വരുത്താനുള്ള കാരണം വിശദമാക്കി സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ.
സൗദിയുടെ പ്രതിദിന എണ്ണയുൽപാദനം 10.48 ദശലക്ഷം ബാരലായി കുറക്കാനുള്ള കാരണം രാജ്യത്തിന്റെ താൽപര്യമാണെന്നും മന്ത്രി പറഞ്ഞു. സൗദിയുടെ താൽപര്യങ്ങളാണ് ഒന്നാമത്തെയും അവസാനത്തെയും തന്റെ ആശങ്കയെന്ന് വ്യക്തമാക്കിയ മന്ത്രി തങ്ങളെ വിശ്വസിക്കുന്ന രാജ്യങ്ങളുടെ താൽപര്യങ്ങളും പ്രധാനമാണെന്നും അറിയിച്ചു.
ഒപെക്കിലായായും ഒപെക് പ്ലസിലായാലും അംഗ രാജ്യങ്ങളുടെയും ലോകത്തിന്റെയും താൽപര്യങ്ങൾ പരിഗണിച്ചാണ് തങ്ങൾ എക്കാലവും പ്രവർത്തിക്കുന്നത്. ആഗോള സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുന്നതിലും മികച്ച രീതിയിൽ ഊർജം ലഭ്യമാക്കുന്നതിലും പരസ്പര സഹകരണത്തോടെ പ്രവർത്തിക്കുന്നതിൽ തങ്ങൾക്ക് താൽപര്യമുണ്ട്. ഒരു കക്ഷിയോടും തങ്ങൾ ശത്രുതാനയം വെച്ചുപുലർത്തുന്നില്ല. ഊർജ വിപണിക്ക് ഭീഷണി സൃഷ്ടിക്കുന്നുമില്ല.
ചില ഘടകങ്ങൾ എണ്ണ വിപണിയെ ബാധിച്ചിട്ടുണ്ട്. ചൈനയിലെ ലോക്ഡൗണുകൾ ആഗോള വിപണികളെയും അന്താരാഷ്ട്ര വിതരണ ശൃംഖലകളെയും ബാധിച്ചു. എണ്ണ വിപണിയിൽ തനിക്ക് 25 വർഷത്തെ പരിചയ സമ്പത്തുണ്ട്. ഇപ്പോൾ വിപണി സാക്ഷ്യം വഹിക്കുന്നതു പോലുള്ള സംഭവ വികാസങ്ങളിലൂടെ മറ്റാരും മുമ്പ് കടന്നുപോയിട്ടുണ്ടാകില്ല. മുൻകരുതൽ നടപടികൾ സ്വീകരിക്കാത്തവർ ദുഷ്‌കരമായ സാഹചര്യങ്ങൾ അഭിമുഖീകരിക്കേണ്ടിവരും. നഷ്ടപ്പെട്ടത് നികത്താനും കഴിയില്ല. ഇപ്പോഴത്തെ പ്രതിസന്ധി പ്രത്യക്ഷപ്പെടുന്നതിനു മുമ്പ് ജനുവരിയിലെ അതേ തോതിലേക്ക് എണ്ണ വില ഉയർന്നിട്ടുണ്ട്.
എണ്ണ വിപണിയിൽ അഭൂതപൂർവമായ അനിശ്ചിതത്വമാണ് നിലവിലുള്ളതെന്ന് സൗദി ഊർജ മന്ത്രി പറഞ്ഞു. തന്ത്രപരമായ എണ്ണ കരുതൽ ശേഖരം പ്രയോജനപ്പെടുത്താനുള്ള ഉപഭോക്തൃ രാജ്യങ്ങളുടെ നീക്കം ഓരോ രാജ്യത്തിന്റെയും പരമാധികാരത്തിന്റെ ഭാഗമാണ്. ലോക രാജ്യങ്ങൾ സ്വീകരിക്കുന്ന പണപ്പെരുപ്പ വിരുദ്ധ നയത്തിന്റെ പ്രത്യാഘാതങ്ങൾ ആഗോള വിപണിയിൽ എണ്ണ ആവശ്യത്തിലുണ്ടാക്കുന്ന സ്വാധീനങ്ങൾ തങ്ങൾക്കറിയില്ല.
ആഗോള സമ്പദ്‌വ്യവസ്ഥയോടുള്ള പ്രതിബദ്ധത ഒപെക് പ്ലസ് തുടർന്നും പാലിക്കും. ആഗോള സമ്പദ്‌വ്യവസ്ഥയുടെ സ്ഥിരതക്കുള്ള അടിസ്ഥാന ശക്തിയായി ഒപെക് പ്ലസ് തുടരും. വിപണിയിലെ പുതിയ സംഭവ വികാസങ്ങൾ നിരീക്ഷിക്കാൻ ഒപെക് പ്ലസ് മന്ത്രിതല സമിതി ഓരോ രണ്ടു മാസത്തിലും യോഗം ചേരുമെന്നും അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു.
നവംബർ മുതൽ പ്രതിദിന എണ്ണ ഉൽപാദനത്തിൽ 20 ലക്ഷം ബാരലിന്റെ വീതം കുറവ് വരുത്താൻ ഒപെക് പ്ലസ് കഴിഞ്ഞ ദിവസം ധാരണയിലെത്തിയിരുന്നു. നിലവിലെ ഒപെക് പ്ലസ് ഗ്രൂപ്പ് കരാർ അടുത്ത വർഷം ഡിസംബർ 31 വരെ ദീർഘിപ്പിക്കാനും ധാരണയായിട്ടുണ്ട്. ഉൽപാദനം നിരീക്ഷിക്കാനുള്ള മന്ത്രിതല സമിതി യോഗം പ്രതിമാസം ചേരുന്ന രീതിക്കു പകരം രണ്ടു മാസത്തിൽ ഒരിക്കൽ വീതം ചേരാനും ഒപെക് പ്ലസ് എണ്ണ മന്ത്രിമാരുടെ യോഗം ആറു മാസത്തിൽ ഒരിക്കൽ വീതം ചേരാനും യോഗത്തിൽ തീരുമാനമായി. ഒപെക് പ്ലസ് ഗ്രൂപ്പിൽ പെട്ട 34 രാജ്യങ്ങളിലെയും എണ്ണ മന്ത്രിമാരുടെ അടുത്ത യോഗം ഡിസംബർ നാലിന് ചേരും.
കൊറോണ മഹാമാരി പ്രത്യക്ഷപ്പെട്ട ശേഷം പ്രതിദിന എണ്ണയുൽപാദനത്തിൽ ഏറ്റവും വലിയ കുറവ് വരുത്തുന്ന ധാരണയിലാണ് ഒപെക് പ്ലസ് എത്തിച്ചേർന്നിരിക്കുന്നത്. ആഗോള വിപണിയിൽ എണ്ണ ലഭ്യത കുറവായിട്ടും എണ്ണ വിതരണത്തിന് നിയന്ത്രണങ്ങളേർപ്പെടുത്തുന്നതിനെ അമേരിക്കയും മറ്റു രാജ്യങ്ങളും എതിർത്തിട്ടും ഉൽപാദനത്തിൽ 20 ലക്ഷം ബാരലിന്റെ വീതം കുറവ് വരുത്താൻ ഒപെക് പ്ലസ് ധാരണയിലെത്തുകയായിരുന്നു. എണ്ണയുൽപാദനം കുറക്കാനുള്ള ഒപെക് പ്ലസ് തീരുമാനം പുറത്തു വന്നതോടെ ആഗോള വിപണിയിൽ എണ്ണ വില ഉയർന്നു. എണ്ണ വില ബാരലിന് 2.01 ഡോളർ തോതിൽ ഉയർന്ന് 93.81 ഡോളറായി. സെപ്റ്റംബർ 15 നു ശേഷം ആദ്യമായാണ് എണ്ണ വില ഇത്രയും ഉയരുന്നത്.
മൂന്നു മാസം മുമ്പ് എണ്ണ വില 120 ഡോളർ വരെയായി ഉയർന്നിരുന്നു. പിന്നീട് ഇത് 90 ഡോളറിനും താഴേക്ക് കുറയുകയായിരുന്നു. ആഗോള സാമ്പത്തിക മാന്ദ്യത്തെ കുറിച്ച ഭീതിയും അമേരിക്ക പലിശ നിരക്കുകൾ ഉയർത്തിയതും അമേരിക്കൻ ഡോളറിന്റെ കരുത്തുമാണ് എണ്ണ വിലയിടിച്ചിലിന് ഇടയാക്കിയത്.
ഓഗസ്റ്റിൽ ഒപെക് പ്ലസ് ഗ്രൂപ്പ് രാജ്യങ്ങളുടെ പ്രതിദിന ഉൽപാദനം ലക്ഷ്യമിട്ടതിലും 35.8 ലക്ഷം ബാരൽ തോതിൽ കുറവായിരുന്നു. തങ്ങളുടെ ക്വാട്ടയേക്കാൾ ഏറെ കുറവായിരുന്നു പല രാജ്യങ്ങളുടെയും എണ്ണയുൽപാദനം.
അമേരിക്കയിൽ ഇന്ധന വില വർധന തടയാൻ പ്രസിഡന്റ് ജോ ബൈഡൻ ശ്രമങ്ങൾ നടത്തിവരുന്നതിനിടെ ഉൽപാദനം വലിയ തോതിൽ കുറക്കരുതെന്ന് ഒപെക് പ്ലസ് രാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടിരുന്നു.
അമേരിക്കയിലെ അസംസ്‌കൃത എണ്ണ, പെട്രോൾ കരുതൽ ശേഖരത്തിൽ കഴിഞ്ഞ വാരത്തിൽ 14 ലക്ഷം ബാരലിന്റെ കുറവുണ്ടായി. കഴിഞ്ഞ വാരാവസാനത്തോടെ അമേരിക്കയിലെ അസംസ്‌കൃത എണ്ണ, പെട്രോൾ കരുതൽ ശേഖരം 42.92 കോടി ബ