റിയാദ്- റിയാദ് ഫ്രൻഡിൽ നടന്നുവരുന്ന അന്താരാഷ്ട്ര പുസ്തകമേളക്ക് രണ്ട് ഗിന്നസ് റെക്കോർഡുകൾ. ഏഴായിരത്തിലധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന തർജിം എന്ന ഏറ്റവും വലിയ വാക്കിനും ലോകത്തെ ഏറ്റവും വലിയ പോപ് അപ് പുസ്തകത്തിനുമാണ് ഗിന്നസ് റെക്കോർഡുകൾ ലഭിച്ചത്.
സർട്ടിഫിക്കറ്റുകൾ ഗിന്നസ് അധികൃതരിൽനിന്ന് മേള അധികൃതർ ഏറ്റുവാങ്ങി.
രാജ്യങ്ങൾക്കും നാഗരികതകൾക്കുമിടയിൽ ബന്ധം സ്ഥാപിക്കുന്നതിനും ആഗോള സാംസ്‌കാരിക വിനിമയം സജീവമാക്കുന്നതിനും വിവർത്തനത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെയാണ് പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ഏറ്റവും വലിയ വാക്ക് രൂപകൽപന ചെയ്തത്. 7191 പുസ്തകങ്ങൾ കൂട്ടിവെച്ച് നാലു അക്ഷരങ്ങൾ രൂപപ്പെടുത്തിയാണ് ഈ വാക്ക് നിർമിച്ചത്. നേരത്തെ അതോറിറ്റി തർജിം എന്ന പേരിൽ ഒരു കാമ്പയിൻ സംഘടിപ്പിച്ചിരുന്നു. അതുകൊണ്ടാണ് ഈ വാക്ക് തെരഞ്ഞെടുത്തത്.
കുട്ടികളുടെ ജീവിതത്തിൽ പുസ്തകങ്ങളുടെ പ്രാധാന്യം ഊന്നിപ്പറയുന്നതിനാണ് ഏറ്റവും വലിയ പോപ്അപ് പുസ്തകം ഗിന്നസിന് തെരഞ്ഞെടുത്തത്. യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പട്ടികയിൽ ഇടം തേടിയ സൗദിയിലെ അർദയെ കുറിച്ച് ഈ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. കുട്ടികൾക്കായി അഞ്ച് പോപ്അപ് പേജുകൾ ഉൾക്കൊള്ളുന്നതാണ് പുസ്തകം. എഴുത്തുകാരി ഫാത്തിമ യഅ്ഖൂബ് ഖോജയാണ് പുസ്തകം എഴുതിയത്. നദ അബ്ദുൽ അസീസ് അൽമൂസയാണ് ചിത്രകാരി. അർദ നാടൻ കലാരൂപത്തിന്റെ തുടക്കം, അതിലെ കലാകാരന്മാരുടെ വേഷങ്ങൾ, ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവ ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
സാഹിത്യ, വിവർത്തന മേഖലകളിൽ രാജ്യത്തിന്റെ താൽപര്യം അന്താരാഷ്ട്ര സമൂഹത്തെ അറിയിക്കാനും സൗദി സാഹിത്യത്തിനും പ്രസിദ്ധീകരണങ്ങൾക്കും അന്താരാഷ്ട്ര തലത്തിൽ സാന്നിധ്യം വർധിപ്പിക്കാനും ഈ അംഗീകാരം സഹായിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി