ദുബായ്- ലോക അധ്യാപക ദിനം പ്രമാണിച്ച് എക്‌സ്‌പോ സിറ്റി ദുബായ് അധ്യാപകര്‍ക്ക് ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെ സൗജന്യ ടിക്കറ്റ് നല്‍കുന്നു. എക്‌സ്‌പോ 2020 ലെഗസി സൈറ്റ് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന അധ്യാപകര്‍ക്കും ടീച്ചിംഗ് അസിസ്റ്റന്റുമാര്‍ക്കും ടിക്കറ്റിംഗ് ബൂത്തുകളിലൊന്നില്‍ നിന്നു സൗജന്യ പാസുകള്‍ കരസ്ഥമാക്കാം.
ടെറ, അലിഫ്, വിഷന്‍, വിമന്‍സ് പവലിയനുകള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന ആകര്‍ഷണങ്ങളിലേക്കുള്ള പ്രവേശന ടിക്കറ്റാണ് ലഭിക്കുക. സാധാരണഗതിയില്‍ എക്‌സ്‌പോ സിറ്റി ദുബായ്ക്കുള്ള ഒരു ദിവസത്തെ ആകര്‍ഷണ പാസിന് 120 ദിര്‍ഹം ആണ് നിരക്ക്. 12 വയസും അതില്‍ താഴെയും പ്രായമുള്ള കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമാണ് പ്രവേശനം സൗജന്യം.
അട്രാക്ഷന്‍സ് പാസ് ലഭിക്കാത്തവര്‍ക്ക് വ്യക്തിഗത പവലിയന്‍ ടിക്കറ്റിന് ഒരാള്‍ക്ക് 50 ദിര്‍ഹം. ദുബായ് എക്‌സ്‌പോ- 2020യുടെ അനുബന്ധമായുള്ള എക്‌സ്‌പോ സിറ്റി ഈ മാസം ഒന്നിനാണു തുറന്നത്.