റിയാദ് – ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിർ വഴി ഇഷ്യു ചെയ്ത ശേഷം റദ്ദാക്കുന്ന റീ-എൻട്രി വിസാ ഫീസ് തിരികെ ലഭിക്കില്ലെന്ന് അബ്ശിർ വ്യക്തമാക്കി. ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ മെഡിക്കൽ നടത്തൽ നിർബന്ധമാണെന്നും അബ്ശിർ പറഞ്ഞു.
ഇവിടെ ക്ലിക്ക് ചെയ്ത് വാട്സാപ്പിൽ ജോയിൻ ചെയ്യാം
സ്വകാര്യ മേഖലാ ജീവനക്കാരും ആശ്രിതരും അടക്കമുള്ള വിദേശികൾക്ക് അനുവദിക്കുന്ന റീ-എൻട്രി വിസകൾ ഫൈനൽ എക്‌സിറ്റ് വിസകൾ ആക്കി മാറ്റാൻ സാധിക്കില്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഗുണഭോക്താവ് വിദേശത്തായിരിക്കെ റീ-എൻട്രി വിസ ഫൈനൽ എക്‌സിറ്റ് വിസ ആക്കി മാറ്റാൻ രാജ്യത്തെ നിയമ, നിർദേശങ്ങൾ അനുവദിക്കുന്നില്ല.
ഇത്തരം സാഹചര്യങ്ങളിൽ റീ-എൻട്രി വിസാ കാലാവധി അവസാനിച്ച ശേഷം കുടുംബാംഗങ്ങളെ തന്റെ സ്‌പോൺസർഷിപ്പിൽ നിന്ന് നീക്കം ചെയ്യുന്നതിന് അബ്ശിറിലെ ‘തവാസുൽ’ സേവനം വഴി ബന്ധപ്പെട്ട് അപേക്ഷ സമർപ്പിച്ചാൽ മതിയെന്നും ജവാസാത്ത് ഡയറക്ടറേറ്റ് പറഞ്ഞു.
ഗുണഭോക്താവ് രാജ്യം വിടാതെ ഫൈനൽ എക്‌സിറ്റ് വിസയുടെ കാലാവധി അവസാനിച്ചാൽ 1,000 റിയാൽ പിഴ അടക്കൽ നിർബന്ധമാണ്. ഇത്തരം സാഹചര്യങ്ങളിൽ ഫൈനൽ എക്‌സിറ്റ് റദ്ദാക്കുകയാണ് വേണ്ടത്. ഇതിന് 1,000 റിയാൽ പിഴ നൽകണം. ഫൈനൽ എക്‌സിറ്റ് റദ്ദാക്കാൻ ഇഖാമയിൽ കാലാവധി ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ഇഖാമയിൽ കാലാവധിയില്ലാത്ത പക്ഷം ഫൈനൽ എക്‌സിറ്റ് റദ്ദാക്കാൻ കഴിയില്ല. ഓൺലൈൻ സേവന പ്ലാറ്റ്‌ഫോമുകൾ ആയ അബ്ശിറും മുഖീമും വഴി ഫൈനൽ എക്‌സിറ്റ് വിസകൾ എളുപ്പത്തിൽ റദ്ദാക്കാൻ കഴിയും. അബ്ശിറിലെയും മുഖീമിലെയും തൊഴിലുടമകളുടെ അക്കൗണ്ടുകൾ വഴിയാണ് വിദേശ തൊഴിലാളികളുടെ ഫൈനൽ എക്‌സിറ്റ് റദ്ദാക്കേണ്ടത്. പ്രൊബേഷൻ കാലത്ത് അബ്ശിർ വഴി വിദേശ തൊഴിലാളികൾക്ക് ഫൈനൽ എക്‌സിറ്റ് നൽകാൻ സാധിക്കും.
ഫൈനൽ എക്‌സിറ്റ് വിസയുടെ കാലാവധി 60 ദിവസമാണ്. ഈ കാലാവധിക്കുള്ളിൽ വിദേശികൾ രാജ്യം വിട്ടിരിക്കണം. അല്ലാത്ത പക്ഷം ആദ്യത്തെ ഫൈനൽ എക്‌സിറ്റ് 1,000 റിയാൽ പിഴ അടച്ച് റദ്ദാക്കി പുതിയ ഫൈനൽ എക്‌സിറ്റ് നേടുകയാണ് വേണ്ടത്.