റിയാദ് – രാജ്യത്തുടനീളം നഗരകേന്ദ്രങ്ങളും വൈവിധ്യമാര്‍ന്ന ഡെസ്റ്റിനേഷനുകളും സ്ഥാപിക്കാനും വികസിപ്പിക്കാനും ലക്ഷ്യമിട്ട് സൗദി ഡൗണ്‍ടൗണ്‍ കമ്പനി എന്ന പേരില്‍ പുതിയ കമ്പനിക്ക് സമാരംഭം കുറിച്ചതായി കിരീടാവകാശിയും പ്രധാനമന്ത്രിയും സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അറിയിച്ചു.
Click here to join our WHATSAPP GROUP
ബിസിനസ്, ഷോപ്പിംഗ്, ടൂറിസം, വിനോദം, പാര്‍പ്പിടം എന്നീ മേഖലകളില്‍ നിരവധി പുതിയ നിക്ഷേപാവസരങ്ങള്‍ മുന്നോട്ടുവെച്ച് നഗരങ്ങളിലെ പശ്ചാത്തല സൗകര്യ വികസനം, സ്വകാര്യ മേഖലയുമായും നിക്ഷേപകരുമായും തന്ത്രപരമായ പങ്കാളിത്തം ശക്തമാക്കല്‍ എന്നീ മേഖലകളില്‍ കമ്പനി പ്രവര്‍ത്തിക്കും. മദീന, അല്‍കോബാര്‍, ബുറൈദ, നജ്‌റാന്‍, ജിസാന്‍, ഹായില്‍, അല്‍ബാഹ, അറാര്‍, തായിഫ്, ദോമത്തുല്‍ജന്ദല്‍, തബൂക്ക് എന്നീ 12 നഗരങ്ങളില്‍ സൗദി ഡൗണ്‍ടൗണ്‍ കമ്പനി പദ്ധതികള്‍ നടപ്പാക്കും.
ഏറ്റവും പുതിയ മാനദണ്ഡങ്ങള്‍ക്കനുസൃതമായി, ഒരു കോടിയിലേറെ ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശങ്ങള്‍ വിവിധ നഗരങ്ങളിലെ പദ്ധതികള്‍ക്കു വേണ്ടി കമ്പനി വികസിപ്പിക്കും. സൗദി അറേബ്യയുടെ പാരമ്പര്യത്തില്‍ നിന്നും സംസ്‌കാരത്തില്‍ നിന്നും പ്രാദേശിക നഗര വാസ്തുവിദ്യയില്‍ നിന്നും ആശയം ഉള്‍ക്കൊണ്ട് ആധുനിക രീതിയിലാണ് പദ്ധതികള്‍ രൂപകല്‍പന ചെയ്ത് നടപ്പാക്കുക.
സൗദിയിലെ വിവിധ നഗരങ്ങളില്‍ വാണിജ്യ, നിക്ഷേപ ചലനങ്ങള്‍ വര്‍ധിപ്പിക്കാനും നഗരങ്ങളുടെ ആകര്‍ഷണീയത മെച്ചപ്പെടുത്താനും പ്രാദേശിക സാമ്പത്തിക മേഖയില്‍ അനുകൂല സ്വാധീനമുണ്ടാക്കാനും സ്വകാര്യ മേഖലാ കമ്പനികള്‍ക്ക് പുതിയ അവസരങ്ങള്‍ ലഭ്യമാക്കാനും സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പരിചയസമ്പത്ത്-വൈജ്ഞാനിക കൈമാറ്റം പ്രയോജനപ്പെടത്താനും സൗദി ഡൗണ്‍ടൗണ്‍ കമ്പനി പദ്ധതികളിലൂടെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ലക്ഷ്യമിടുന്നു.
ഓരോ പ്രവിശ്യയുടെയും പ്രത്യേക സവിശേഷതകള്‍ക്കും മത്സരക്ഷമതക്കും അനുസൃതമായി സൗദിയിലെ എല്ലാ പ്രവിശ്യകളും വികസിപ്പിക്കാന്‍ കിരീടാവകാശി നടത്തുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് പുതിയ കമ്പനി ആരംഭിച്ചത്. സൗദിയില്‍ പ്രതീക്ഷ നല്‍കുന്ന മേഖലകള്‍ വികസിപ്പിക്കാനും ശാക്തീകരിക്കാനും പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് നടത്തുന്ന ശ്രമങ്ങളുമായും സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിനും പെട്രോളിതര മേഖലയില്‍ വളര്‍ച്ച വര്‍ധിപ്പിക്കാനും നടത്തുന്ന ശ്രമങ്ങളുമായും സൗദി ഡൗണ്‍ടൗണ്‍ കമ്പനി തന്ത്രം ഒത്തുപോകുന്നു.