കുവൈറ്റ് സിറ്റി:രാജ്യത്തെ ഡെലിവറി സര്‍വീസ് ജീവനക്കുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെട്ട പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വരുത്തുന്നത് മൂന്നു മാസത്തേക്ക് നീട്ടി. ശനിയാഴ്ച നിലവില്‍ വരേണ്ടിയിരുന്ന വ്യവസ്ഥകളാണ് മൂന്നു മാസത്തേക്ക് നീട്ടിയത്. അടുത്ത വര്‍ഷം ജനുവരി ഒന്നുവരെ അവ നടപ്പിലാക്കേണ്ടതില്ലെന്നാണ് തീരുമാനം. അല്‍ ഖബസ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
Click here to join our WHATSAPP GROUP
ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ തലാല്‍ ഖാലിദാണ് ഫുഡ് ഡെലിവറി ബോയ്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്ന നീട്ടിവച്ചു കൊണ്ട് ഉത്തരവിട്ടതെന്ന് പത്രം വ്യക്തമാക്കി.
റെസ്റ്റൊറന്റുകള്‍, കോഫി ഷോപ്പുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ചെറുകിട സംരംഭകരില്‍ നിന്നുമുള്ള ശക്തമായ ആവശ്യത്തെ തുടര്‍ന്നാണ് നടപടി. നേരത്തേ തീരുമാനിച്ച പ്രകാരം ഒക്ടോബര്‍ ഒന്നിന് പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നത് തങ്ങളുടെ വ്യാപാരത്തെ വലിയ രീതിയില്‍ ദോഷകരമായി ബാധിക്കുമെന്നും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ കൂടുതല്‍ സമയം വേണമെന്നുമായിരുന്നു വ്യാപാരികളുടെ ആവശ്യം. തങ്ങളുടെ വ്യാപാരത്തിന്റെ നെടും തൂണായി ഡെലിവറി സര്‍വീസ് ജീവനക്കാര്‍ മാറിയിരിക്കുകയാണെന്നും പൊടുന്നനെ പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നതു വഴി അവരില്‍ പലര്‍ക്കും ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുമെന്നും അവര്‍ പരാതിപ്പെട്ടിരുന്നു.
തൊഴിലാളി ക്ഷാമത്തെ തുടര്‍ന്ന് നിരവധി കമ്പനികള്‍ അടച്ചുപൂട്ടേണ്ട അവസ്ഥയിലാണുള്ളതെന്ന് ഫെഡറേഷന്‍ ഓഫ് ഡെലിവറി കമ്പനി യുണിയന്‍ മേധാവി ഇബ്രാഹിം അല്‍ തുവൈജി പറഞ്ഞിരുന്നു. നിലവില്‍ ഒരു തൊഴിലാളിക്ക് ഹെല്‍ത്ത് കാര്‍ഡ് ലഭിക്കുവാന്‍ രണ്ടാഴ്ചയോളം സമയം എടുക്കുന്നുണ്ട്. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുവാനും നടപടിക്രമങ്ങളുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ നിയമ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നത് അടുത്ത വര്‍ഷം ആദ്യത്തിലേക്ക് മാറ്റിവെക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഇത് മുഖവിലക്കെടുത്താണ് പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നത് മൂന്നു മാസത്തേക്ക് നീട്ടിവെച്ചു കൊണ്ട് അധികൃതര്‍ ഉത്തരവിട്ടത്.
കഴിഞ്ഞ ദിവസം നടന്ന ദേശീയ അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വിജയിച്ച പുതിയ എംപിമാരും വ്യാപാരികളുടെ ഈ ആവശ്യത്തെ പിന്തുണച്ച് രംഗത്തു വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്വീറ്റുകളാണ് പുതിയ എംപിമാര്‍ നടത്തിയത്. പെരുമാറ്റച്ചട്ടത്തില്‍ പറയുന്നതു പ്രകാരമുള്ള ലൈസന്‍സുകളും മറ്റും സ്വന്തമാക്കാന്‍ കൂടുതല്‍ സമയം ആവശ്യമുണ്ടെന്നായിരുന്നു എംപിമാരും രംഗത്തെത്തിയത്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു രാജ്യത്തെ ഡെലിവറി ജീവനക്കാര്‍ക്ക് പുതിയ പെരുമാറ്റച്ചട്ടവുമായി കുവൈറ്റ് അധികൃതര്‍ രംഗത്തെവുന്നത്.
ഡെലിവറി വാഹനം ഓടിക്കുന്ന ഡ്രൈവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ്, ഐഡി കാര്‍ഡ് എന്നിവ വേണമെന്നാണ് പുതിയ വ്യവസ്ഥ. ആവശ്യമായ ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ജീവനക്കാര്‍ക്ക് മാത്രമല്ല, സ്ഥാപന ഉടമകള്‍ക്കും പിഴ ഉള്‍പ്പെടെയുള്ള നടപടികളുണ്ടാവുമെന്ന് പെരുമാറ്റച്ചട്ടത്തിലുണ്ട്. ഡെലിവറി വാഹനങ്ങള്‍ക്കായി കുവൈറ്റ് മുനിസിപ്പാലിറ്റി നല്‍കുന്ന പ്രത്യേക സ്റ്റിക്കര്‍ വാഹനത്തില്‍ പതിക്കണം. ഏത് കമ്പനിക്കു വേണ്ടിയാണോ ഡെലിവറി സേവനം ചെയ്യുന്നത്, ആ സ്ഥാപനം നല്‍കിയ വിസയില്‍ മാത്രമേ ഡെലിവറി ഡീവനക്കാര്‍ ജോലി ചെയ്യാന്‍ പാടുള്ളൂ. ഡെലിവറി ബൈക്കായാലും കാര്‍ ഉള്‍പ്പെടെ വാഹനങ്ങളായാലും അതിലെ ഡ്രൈവര്‍ ഡ്യൂട്ടി സമയത്ത് നിര്‍ദ്ദിഷ്ട യൂനിഫോം അണിഞ്ഞിരിക്കണം എന്നതാണ് മറ്റൊരു വ്യവസ്ഥ.
നിയമങ്ങള്‍ ലംഘിച്ച് ഹോം ഡെലിവറി ജീവനക്കാരെ ജോലി ചെയ്യിപ്പിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കും. കോവിഡ് മഹാമാരിയുടെ കാലത്താണ് രാജ്യത്ത് ഹോം ഡെലിവറി സംവിധാനം വ്യാപകമായത്. കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും ഹോം ഡെലിവറി സംവിധാനം മാറ്റമില്ലാതെ തുടരുകയാണ്. എന്നാല്‍ ഇവരില്‍ പലരും ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുകയും റോഡ് അപകടങ്ങളില്‍ പെടുകയും കാല്‍നട യാത്രക്കാര്‍ക്കും മറ്റും വാഹനങ്ങള്‍ക്കും അപകടം വരുത്തുന്ന രീതിയില്‍ വാഹനം ഓടിക്കുകയും ചെയ്യുന്നുവെന്ന പരാതികള്‍ വ്യാപകമായ പശ്ചാത്തലത്തിലാണ് ഇവര്‍ക്കായി പ്രത്യേക പെരുമാറ്റച്ചട്ടം കുവൈറ്റ്
ആവിഷ്‌ക്കരിച്ചത്. പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നത് മൂന്നു മാസത്തേക്ക് നീട്ടിയ നടപടി മലയാളികള്‍ ഉള്‍പ്പെടെ നിരവധി വ്യാപാരികള്‍ക്കും ഹോം ഡെലിവറി ജീവനക്കാര്‍ക്കും ആശ്വാസമാവും.