ദുബായ്: മൊബൈൽ ആപ് വഴി
ബാങ്ക് ഇടപാടുകൾ നടത്തുന്നവർ അതീവ സൂക്ഷ്മത പാലിക്കണമെന്ന് മുന്നറിയിപ്പ്.
24 മണിക്കൂറും നേരിട്ടു ബന്ധിപ്പിക്കുന്ന ആപ് സുരക്ഷിതമായി ഉപയോഗിച്ചില്ലെങ്കിൽ പണം നഷ്ടപ്പെടാൻ ഇടയുണ്ടെന്നാണ് വിവിധ ബാങ്കുകൾ ഇടപാടുകാർക്ക് നൽകിയ നിർദേശം.
ഏതു സാഹചര്യത്തിലും വ്യക്തിഗത, അക്കൗണ്ട് വിവരങ്ങൾ കൈമാറരുത്. ക്രെഡിറ്റ്/ഡബിറ്റ് കാർഡ് മുഖേന ഓൺലൈൻ ഇടപാട് നടത്തുന്നവരും സുരക്ഷിതമായ അക്കൗണ്ടിലാണോ വിവരങ്ങൾ നൽകുന്നത് എന്ന കാര്യം ഉറപ്പാക്കണം. സുരക്ഷിതമല്ലാത്ത സൈറ്റുകളിൽ കാർഡ് വിവരം നൽകിയ മലയാളികളടക്കം ഒട്ടേറെ പേർക്കു പണം നഷ്ടമായ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്
ശക്തമായതും എളുപ്പത്തിൽ കണ്ടുപിടിക്കാൻ സാധിക്കാത്തതുമായ പാസ്‌വേഡാണ് തിരഞ്ഞെടുക്കേണ്ടത്. മറ്റാരെങ്കിലും കാണത്തക്കവിധം പാസ്‌വേഡ് എഴുതി വയ്ക്കരുത്. മൊബൈലിലോ കംപ്യൂട്ടറിലോ സേവ് ചെയ്തിടുന്നതും നല്ലതല്ല. ഓർക്കാൻ എളുപ്പത്തിന് ലളിതമായ പാസ്‌വേഡ് വച്ചാൽ അതു കണ്ടുപിടിച്ച് മറ്റാരെങ്കിലും അക്കൗണ്ടിലേക്കു കടക്കാൻ സാധ്യതയുണ്ട്.
ഇതൊഴിവാക്കാനാണ് ശക്തമായ പാസ്‌വേഡ് വയ്ക്കാൻ നിർദേശിക്കുന്നത്. ഇനി അഥവാ പാസ്‌വേഡ് ചോർന്നുവെന്ന് തോന്നുന്നുവെങ്കിൽ ഉടൻ ബാങ്കിനെ അറിയിച്ച് മാറ്റുകയോ കാർഡ് ബ്ലോക് ചെയ്യുകയോ വേണമെന്നും നിർദേശിച്ചു. ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് പിൻ നമ്പർ (വ്യക്തിഗത വിവര നമ്പർ), ഒടിപി (വൺ ടൈം പാസ്‌വേഡ്), ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ ആരുമായും പങ്കുവയ്ക്കരുത് എന്നീ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്.