ദോഹ : ഫിഫ ലോകകപ്പ് ഖത്തര്‍ സാമ്പത്തിക മേഖലയ്ക്ക് വന്‍ നേട്ടമാവുമെന്ന് അധികൃതര്‍. ലോകകപ്പില്‍ നിന്നുള്ള ലാഭം 17 ബില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കകന്നതായി ഖത്തര്‍ 2022 ലോകകപ്പ് സിഇഒ നാസര്‍ അല്‍ ഖാതര്‍ അഭിപ്രായപ്പെട്ടു. ലോകകപ്പിനുള്ള സ്റ്റേഡിയങ്ങളും റോഡുകളും ഉള്‍പ്പെടെ അടിസ്ഥാന സൗകര്യ വികസനങ്ങളുടെയും നിര്‍മാണങ്ങളുടേയും ചെലവ് എട്ട് ബില്യണ്‍ ഡോളറില്‍ എത്തിയതായും അദ്ദേഹം പറഞ്ഞു.
അതേസമയം, ചെലവിട്ടതിന്റെ ഇരട്ടി ലാഭം കൊയ്യാന്‍ തങ്ങള്‍ക്കാവുമെന്നാണ് പ്രതീക്ഷ. ഫുട്‌ബോള്‍ ടൂര്‍ണമെന്റ് വേളയില്‍ മാത്രമല്ല, അതു കഴിഞ്ഞാലും ലോകകപ്പ് വഴിയുള്ള സാമ്പത്തിക നേട്ടം രാജ്യത്ത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടിക്കറ്റെടുത്ത് നേരിട്ട് കളി കാണാന്‍ എത്തുന്നവര്‍ മാത്രമല്ല, ഖത്തറിന് പുറത്ത് നിന്ന് ലോകകപ്പ് ആവേശം പിന്തുടരുന്നവരുടെ എണ്ണത്തിലും റെക്കോര്‍ഡ് വര്‍ധനവാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി നടത്തിയ പഠനങ്ങള്‍ അനുസരിച്ച്, ലോകമെമ്പാടുമുള്ള മൂന്ന് മുതല്‍ നാല് ബില്യണ്‍ വരെ ആളുകള്‍ ഖത്തര്‍ ലോകകപ്പ് കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകകപ്പ് കാഴ്ചകള്‍ ലോകത്തെത്തിക്കാന്‍ 12,000 മാധ്യമ പ്രവര്‍ത്തകരാണ് ഖത്തറിലെത്തുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കളികാണാന്‍ എത്തുന്ന ഫുട്‌ബോള്‍ ആരാധകരെ സ്വീകരിക്കാന്‍ രാജ്യം പൂര്‍ണമായും ഒരുങ്ങിക്കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. കളി കാണാനും ലോകകപ്പ് ആസ്വദിക്കാനുമായി 10 ലക്ഷത്തോളം പേരെങ്കിലും ദോഹയിലെത്തുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം അറിയിച്ചു. ലോകകപ്പ് ആരവങ്ങള്‍ക്കൊപ്പം ഖത്തറിന്റെ സൗന്ദര്യവും സ്‌നേഹവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കാന്‍ സാമൂഹിക മാധ്യമ മേഖലയിലെ പ്രമുഖര്‍ ഉള്‍പ്പെടെ വന്‍ സംഘം തന്നെ ഖത്തറിലെത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.